മഅ്ദിന്‍ മുപ്പതാം വാര്‍ഷികം: ദക്ഷിണേന്ത്യയില്‍ 30-യിന കര്‍മ്മപദ്ധതികള്‍ പ്രഖ്യാപിച്ചു; സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി തങ്ങളുടെ ദക്ഷിണേന്ത്യന്‍ പര്യടനത്തിന് സമാപനം
ഹൈദരാബാദ്: മഅ്ദിന്‍ അക്കാദമി മുപ്പതാം വാര്‍ഷികാഘോഷങ്ങളുടെ (30th Anniversary Celebrations) ഭാഗമായി ദക്ഷിണേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ വിദ്യാഭ്യാസ-കാരുണ്യ മേഖലകളില്‍ വിപുലമായ 30-യിന കര്‍മ്മ പദ്ധതികള്‍ നടപ്പിലാക്കുന്നു. തെലങ്കാന, ആന്ധ്രാപ്രദേശ്, കര്‍ണാടക എന്നീ സംസ്ഥാനങ്ങളിലെ വിവിധ മത-വിദ്യാഭ്യാസ-സാംസ്‌കാരിക പരിപാടികളില്‍ പങ്കെടുത്തും മഅ്ദിന് കീഴിലുള്ള ഹൈബി എജ്യുക്കേഷന്റെ (Hibee Education) പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയും മഅ്ദിന്‍ അക്കാദമി ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി തങ്ങള്‍ നടത്തിയ ദക്ഷിണേന്ത്യന്‍ പര്യടനത്തിന് പ്രൗഢമായ സമാപനമായി.
തെലങ്കാന, ആന്ധ്രപ്രദേശ്, മഹാരാഷ്ട്ര, കര്‍ണാടക, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളിലായി വിദ്യാഭ്യാസം, ജീവകാരുണ്യം, സ്ത്രീശാക്തീകരണം, ആരോഗ്യം, പാര്‍പ്പിടം, സേവനം, നൈപുണ്യ വികസനം, തൊഴില്‍, പാരന്റിംഗ് തുടങ്ങിയ മേഖലകളിലാണ് 30 കര്‍മ്മപദ്ധതികള്‍ ആവിഷ്‌കരിക്കുന്നത്. കര്‍ണാടക യാദ്ഗിര്‍ ജില്ലയിലെ ഗോഗിയില്‍ നടന്ന ഹൈബി കോണ്‍ക്ലേവില്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി തങ്ങളാണ് പദ്ധതി പ്രഖ്യാപനം നിര്‍വ്വഹിച്ചത്.
പ്രധാന 30-യിന പദ്ധതികള്‍:
-
വിദ്യാഭ്യാസ സംരംഭങ്ങള്‍: ഏളി ചൈല്‍ഡ് എജുക്കേഷന്‍ സെന്ററുകള്‍, സ്‌കൂളുകള്‍, പി യു സി കോളേജുകള്‍, മത-ഭൗതിക വിദ്യാഭ്യാസം സമന്വയിപ്പിക്കുന്ന ഫിനിഷിംഗ് സ്‌കൂളുകള്‍, ഇന്റര്‍നാഷണല്‍ സ്‌കൂളുകള്‍, സെന്റര്‍ ഫോര്‍ അക്കാദമിക് എക്‌സലന്‍സ്, സ്‌കില്‍ ഡെവലപ്‌മെന്റ് സെന്റര്‍.
-
സാമൂഹിക-ക്ഷേമ പദ്ധതികള്‍: ദാറുല്‍ ബനാത്, ഹെല്‍ത്ത് സെന്ററുകള്‍, സെന്റര്‍ ഫോര്‍ വുമണ്‍ എജുക്കേഷന്‍, സെന്റര്‍ ഫോര്‍ റിഹാബിലിറ്റേഷന്‍, കമ്മ്യൂണിറ്റി സര്‍വീസ് സെന്റര്‍, ഐഡിയല്‍ വില്ലേജ് പ്രോഗ്രാം, ഹൗസിംഗ് സ്‌കീം, സെന്റര്‍ ഫോര്‍ പാരന്റിങ് ട്രെയിനിങ്, കമ്മ്യൂണിറ്റി സര്‍വീസ് പ്രോഗ്രാം.
നിലവില്‍ തെലങ്കാന, ആന്ധ്രപ്രദേശ്, കര്‍ണാടക, ജാര്‍ഖണ്ഡ് എന്നീ സംസ്ഥാനങ്ങളില്‍ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന ഹൈബി എഡ്യൂക്കേഷന്റെ നേതൃത്വത്തിലാവും ഈ പദ്ധതികള്‍ നടപ്പാക്കുക.
ഹൈബി എജ്യുക്കേഷന്റെ കുതിപ്പ്
നിലവില്‍ തെലങ്കാനയിലെ ഹൈദരാബാദ്, കാമറെഡ്ഡി, കരീംനഗര്‍, ലിംഗംപേട്ട്, കര്‍ണാടകയിലെ ഗോഗി, ഷാഹ്പൂര്‍, ഉംനാബാദ്, റായ്ച്ചൂര്‍, ആന്ധ്രാപ്രദേശിലെ നെല്ലൂര്‍, ജാര്‍ഖണ്ഡിലെ ധന്‍ബാദ് എന്നിവിടങ്ങളിലായി സ്‌കൂളുകളും ഐബക് (IBAC) ലേണിങ് സെന്ററുകളും കാലിക്‌സ് (Calix) പ്രീ സ്‌കൂളുകളും ഹൈബിക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. രണ്ടായിരത്തോളം വിദ്യാര്‍ത്ഥികളും 95 സ്റ്റാഫുകളും 23 വോളണ്ടിയര്‍മാരും ഇതിന്റെ ഭാഗമാണ്.
ഇതിനുപുറമേ:
-
ഫീഡിംഗ് ഹോപ്‌സ് (Feeding Hopes): നിർധന കുടുംബങ്ങള്‍ക്ക് റേഷന്‍ ഉറപ്പു വരുത്തുന്ന പദ്ധതി.
-
സ്‌കോളര്‍ഷിപ്പ് സ്‌കീം: അനാഥരും അഗതികളുമായ വിദ്യാര്‍ത്ഥികള്‍ക്കായി.
-
ഹൈബി എജ്യു ഹെല്‍പ്‌ഡെസ്‌ക് & റെസിഡന്‍ഷ്യല്‍ സ്‌ക്വയര്‍: സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റികളില്‍ പ്രവേശനം ആഗ്രഹിക്കുന്നവര്‍ക്ക് മാര്‍ഗ്ഗനിര്‍ദ്ദേശം.
പര്യടനത്തിനിടെ കര്‍ണ്ണാടകയിലെ ഷാപ്പൂരിലുള്ള ഐബക് ലേണിംഗ് സെന്ററും ഖലീല്‍ ബുഖാരി തങ്ങള്‍ സന്ദര്‍ശിക്കുകയും വിദ്യാര്‍ത്ഥികളുമായി സംവദിക്കുകയും ചെയ്തു.

ശ്രദ്ധേയമായി ഹൈദരാബാദിലെ ‘മഅ്ദിന്‍ അറബിക് വില്ലേജ്’
ഹൈദരാബാദിലെ ബാര്‍കസ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന മഅ്ദിന്‍ അറബിക് വില്ലേജിന്റെ പ്രവര്‍ത്തനങ്ങളും ചെയര്‍മാന്‍ വിലയിരുത്തി. 2016-ല്‍ മലപ്പുറത്ത് തുടക്കമിട്ട ഈ സംരംഭം കഴിഞ്ഞ 4 വര്‍ഷമായി ഹൈദരാബാദിലും സജീവമാണ്.
അറബി ഭാഷയ്ക്ക് പുറമെ ജര്‍മന്‍, ഫ്രഞ്ച് ഭാഷകളില്‍ ഉന്നത പഠനത്തോടൊപ്പം ഹൈദരാബാദിലെ പ്രശസ്ത യൂണിവേഴ്‌സിറ്റികളില്‍ ഡിഗ്രി, പി ജി പഠനത്തിനും ഇവിടെ സൗകര്യമൊരുക്കുന്നു. ഡിഗ്രി പഠനകാലയളവില്‍ തന്നെ വിദേശ ഭാഷകളില്‍ ഡിപ്ലോമ സ്വന്തമാക്കാം എന്നതാണ് ഈ സ്ഥാപനത്തിന്റെ പ്രത്യേകത. വ്യവസ്ഥാപിത മദ്രസകളോ അക്കാദമിക് സംവിധാനങ്ങളോ ഇല്ലാത്ത പ്രദേശങ്ങളില്‍ മക്തബകളും മദ്രസകളും സ്ഥാപിച്ച് ചെറുപ്പത്തില്‍ തന്നെ കുട്ടികളെ ഉന്നത സ്വപ്നങ്ങളിലേക്ക് നയിക്കാന്‍ സ്ഥാപനത്തിന് സാധിക്കുന്നുണ്ടെന്ന് തങ്ങള്‍ വ്യക്തമാക്കി. കെ ടി അബ്ദുസ്വമദ് സഖാഫി മേല്‍മുറി, സി കെ ബഷീര്‍ സഖാഫി സ്വലാത്ത് നഗര്‍ എന്നിവരാണ് പ്രസ്തുത പദ്ധതി ഏകോപിപ്പിക്കുന്നത്.
ചടങ്ങില്‍ ഖാദിരിയ്യ എജ്യുക്കേഷണല്‍ ട്രസ്റ്റ് ചെയര്‍മാന്‍ ഖാജാ ഹുസൈന്‍, മഅ്ദിന്‍ പി.ആര്‍.ഡി സി കെ ഖാലിദ് സഖാഫി സ്വലാത്ത് നഗര്‍, ഗോഗി ദര്‍ഗ പ്രസിഡന്റ് ചന്ദ ഹുസൈന്‍ സാഹബ്, ഖയ്യൂം മുഹമ്മദ് സാഹബ്, പാഷാ ഹുസൈന്‍ സാഹബ്, ഹൈബി ഡയറക്ടര്‍ യഹ്‌യ അദനി കാപ്പ്, ഹൈബി അക്കാദമിക് കോര്‍ഡിനേറ്റര്‍ കബീര്‍ അദനി വയനാട്, കാലിക്‌സ് പ്രീ സ്‌കൂള്‍ കോര്‍ഡിനേറ്റര്‍ എം ഫിറോസ് അലി, അജ്‌നാസ് ഉളിയില്‍, ഹൈബി-അല്‍സഫ സ്‌കൂള്‍ പ്രിന്സിപ്പാള്‍ മുര്‍ഷിദ് അദനി കൊടക്, അക്കാദമിക് കോര്‍ഡിനേറ്റര്‍ അബ്ദുല്‍ ബാസിത് അദനി, സ്വലാഹുദ്ധീന്‍ അദനി തുടങ്ങിയ പ്രമുഖര്‍ സംബന്ധിച്ചു.
news via inbox
Nulla turp dis cursus. Integer liberos euismod pretium faucibua
