മഅ്ദിന്‍ ഖോജ് സഫര്‍: വെസ്റ്റ് ബംഗാളില്‍ ഉജ്ജ്വല വരവേല്‍പ്പ്

Published On: August 13, 2026Tags: , ,

കൊല്‍ക്കത്ത/വെസ്റ്റ് ബംഗാള്‍: മഅ്ദിന്‍ അക്കാദമിയുടെ മുപ്പതാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി രാജ്യവ്യാപകമായി പര്യടനം നടത്തുന്ന ‘ഖോജ് സഫര്‍: ദി ഇന്ത്യ കണക്ട്’ പ്രതിനിധി സംഘത്തിന് വെസ്റ്റ് ബംഗാളില്‍ ഉജ്ജ്വലവും ഊഷ്മളവുമായ വരവേല്‍പ്പ്.

കഴിഞ്ഞ 15 വര്‍ഷത്തോളമായി വെസ്റ്റ് ബംഗാളില്‍ വിദ്യാഭ്യാസ-സാമൂഹിക സേവന രംഗത്ത് മികച്ച പ്രവര്‍ത്തനം കാഴ്ചവെക്കുന്ന ‘ത്വയ്ബ ഗാര്‍ഡനില്‍’ നടന്ന പ്രൗഢമായ സ്‌നേഹസംഗമത്തോടെയാണ് ബംഗാളിലെ സ്വീകരണ പരിപാടികള്‍ക്ക് തുടക്കമായത്. സ്‌നേഹസംഗമം ത്വയ്ബ ഗാര്‍ഡന്‍ ഡയറക്ടര്‍ സുഹൈറുദ്ദീന്‍ നൂറാനി ഉദ്ഘാടനം ചെയ്തു. അധ്യാപകരും വിദ്യാര്‍ത്ഥികളും പ്രാദേശിക നിവാസികളും ചേര്‍ന്ന് ആവേശകരമായ സ്വീകരണമാണ് സംഘത്തിന് ഒരുക്കിയത്. ത്വയ്ബ ഗാര്‍ഡന് കീഴിലുള്ള വിവിധ സ്ഥാപനങ്ങളും പഠനകേന്ദ്രങ്ങളും ഖോജ് സഫര്‍ പ്രതിനിധി സംഘം സന്ദര്‍ശിച്ചു.തുടര്‍ന്ന് നടന്ന പ്രത്യേക ചര്‍ച്ചയില്‍ ബംഗാളിലെ വിദ്യാഭ്യാസ പശ്ചാത്തലവും കേരള മോഡല്‍ വിദ്യാഭ്യാസ സമ്പ്രദായം അവിടെ നടപ്പിലാക്കുന്നതിന്റെ ആവശ്യകതകളും നേരിടുന്ന ആശങ്കകളും വിശദമായി ചര്‍ച്ച ചെയ്തു. ബംഗാളിലെ വിദ്യാഭ്യാസ സംസ്‌കാരത്തിന് അനുയോജ്യമായ രീതിയില്‍ കേരളത്തിന്റെ വിജയകരമായ വിദ്യാഭ്യാസ രീതികള്‍ സമന്വയിപ്പിക്കേണ്ടതിനെക്കുറിച്ച് ഡയറക്ടര്‍ സുഹൈറുദ്ദീന്‍ നൂറാനിയുടെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയില്‍ ധാരണയായി.

മഅ്ദിന്റെ അന്താരാഷ്ട്ര-ദേശീയ വിദ്യാഭ്യാസ-സാമൂഹിക വിഭാഗമായ ‘എംബ്രേസ് ഗ്ലോബലിന്റെ’ നേതൃത്വത്തില്‍ ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നടപ്പിലാക്കുന്ന വിവിധ വിദ്യാഭ്യാസ, ജീവകാരുണ്യ, സാമൂഹികക്ഷേമ പദ്ധതികളെക്കുറിച്ചും യോഗത്തില്‍ ചര്‍ച്ചയായി.ഇതോടൊപ്പം മഅ്ദിന്‍ അക്കാദമി ദേശീയതലത്തില്‍ സംഘടിപ്പിക്കുന്ന ഇന്ത്യയിലെ ഏറ്റവും വലിയ ഖുര്‍ആന്‍ പരീക്ഷാ സംരംഭമായ ‘ഇന്ത്യ ഹോളി ഖുര്‍ആന്‍ അവാര്‍ഡി’ന്റെ വിപുലമായ പ്രചാരണ പ്രവര്‍ത്തനങ്ങളും സ്വീകരണ കേന്ദ്രങ്ങളില്‍ നടന്നു. ഖുര്‍ആന്‍ അവാര്‍ഡില്‍ ബംഗാളിലെ കൂടുതല്‍ സ്ഥാപനങ്ങളെയും വിദ്യാര്‍ത്ഥികളെയും പങ്കാളികളാക്കാനുള്ള ആഹ്വാനവും സംഘം മുന്നോട്ടുവെച്ചു.തുടര്‍ന്ന്, ധന്‍തോലയിലുള്ള ഐവ ഫൗണ്ടേഷന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഹീറാ എജുക്കേഷന്‍ സെന്ററില്‍ എത്തിയ സംഘത്തിന് വിദ്യാര്‍ത്ഥികളുടെയും അധ്യാപകരുടെയും നേതൃത്വത്തില്‍ ഹൃദയഹാരിയായ സ്വീകരണവും ലഭിച്ചു. പര്യടനത്തിന്റെ ഭാഗമായി പണ്ഡുവ, ഖുതുബ്‌സഹര്‍, കമലാബാരി, ഖാല്‍ത്തിപൂര്‍ തുടങ്ങിയ വിവിധ പ്രദേശങ്ങളിലെ സ്ഥാപനങ്ങളിലും സംഘം സന്ദര്‍ശനം നടത്തി. കലിയാചക്കിലെ ഹാപ്പി ചൈല്‍ഡ് അക്കാദമി സ്‌കൂളും ടീം അംഗങ്ങള്‍ സന്ദര്‍ശിച്ചു. ബംഗാളിലെ ഗ്രാമീണ ജീവിതരീതികളും കാര്‍ഷിക ശൈലികളും നേരിട്ടു കണ്ടുമനസ്സിലാക്കിയ സംഘം പ്രദേശവാസികളുമായി ആശയവിനിമയം നടത്തുകയും ബംഗാളിന്റെ സമ്പന്നമായ പൈതൃക-ചരിത്ര കേന്ദ്രങ്ങള്‍ കാണുകയും ചെയ്തു.

ഖോജ് സഫര്‍ ക്യാപ്റ്റനും എംബ്രേസ് ഗ്ലോബല്‍ ഡയറക്ടറുമായ സയ്യിദ് അഹ്‌മദുല്‍ കബീര്‍ അല്‍ ബുഖാരി, വൈസ് ക്യാപ്റ്റന്‍ ബഷീര്‍ സഅദി വയനാട്, ത്വയ്ബ പ്രൊജക്ട് കോ-ഓര്‍ഡിനേറ്റര്‍ സയ്യിദ് അബ്ദുല്‍ ഫതാഹ് ബുഖാരി, ശംസീര്‍ സഖാഫി ജാര്‍ഖണ്ഡ്, എംബ്രേസ് ഗ്ലോബല്‍ സെക്രട്ടറി മുഹമ്മദ് നസീം അദനി, ഖോജ് സഫര്‍ കണ്‍വീനര്‍ മുഹമ്മദ് ജുനൈദ് അദനി, എക്സിക്യൂട്ടീവ് ആശിഖ് അദനി, എംബ്രേസ് ഗ്ലോബല്‍ എക്‌സിക്യൂട്ടീവ് ജഅ്ഫര്‍ അദനി ഇരുമ്പുഴി തുടങ്ങിയവര്‍ പര്യടന സംഘത്തില്‍ സംബന്ധിച്ചു. ബംഗാളിലെ വിവിധ പ്രദേശങ്ങളിലെ പര്യടനം പൂര്‍ത്തിയാക്കി സംഘം അടുത്ത കേന്ദ്രങ്ങളിലേക്ക് തിരിക്കും.