വർഗീയതയ്ക്കെതിരെയും വികസന കാര്യങ്ങളിലും രാഷ്ട്രീയ ഐക്യം അനിവാര്യമാണെന്ന് ഓർമ്മിപ്പിച്ച് മഅ്ദിൻ സ്വലാത്ത് സമ്മേളനം

Published On: May 14, 2026Tags:

മലപ്പുറം: നാടിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്കും സൗഹാര്‍ദ്ദത്തിനുമായി കേരളത്തിലെ എല്ലാ രാഷ്ട്രീയ കക്ഷികളും ഒന്നിച്ചു നില്‍ക്കണമെന്നും വര്‍ഗീയതയെ ചെറുക്കാന്‍ നിതാന്ത ശ്രമങ്ങളുണ്ടാവണമെന്നും കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറിയും മഅദിന്‍ അക്കാദമി ചെയര്‍മാനുമായ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി പറഞ്ഞു. കഴിഞ്ഞ ദിവസങ്ങളില്‍ വിവിധ ഭാഗങ്ങളിലുണ്ടായ ദുരന്തങ്ങള്‍ ഏറെ വേദനാജനകമാണെന്നും അധികൃതരുടെ നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിക്കാന്‍ എല്ലാവരും അതീവ ശ്രദ്ധപുലര്‍ത്തണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. മഅ്ദിന്‍ അക്കാദമിയില്‍ സംഘിടിപ്പിച്ച സ്വലാത്ത് ആത്മീയ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സമസ്ത ഉപാധ്യക്ഷന്‍ സയ്യിദ് അലി ബാഫഖി തങ്ങള്‍ അധ്യക്ഷത വഹിച്ചു. കഴിഞ്ഞ ദിവസം മിന്നലേറ്റ് മരിച്ചവര്‍ക്കും മറ്റ് ദുരന്തത്തിലകപ്പെട്ടവര്‍ക്കും പ്രത്യേക പ്രാര്‍ഥന നടത്തി.

വിര്‍ദുല്ലത്വീഫ്, ഹദ്ദാദ്, മുള്രിയ്യ, സ്വലാത്തുന്നാരിയ, തഹ്്ലീല്‍, പ്രാര്‍ത്ഥന എന്നിവ നടന്നു. പരിപാടിക്ക് എത്തിച്ചേര്‍ന്ന വിശ്വാസികള്‍ക്ക് അന്നദാനം നടത്തി.

സയ്യിദ് മുഹമ്മദ് ഫാറൂഖ് ജമലുല്ലൈലി, സയ്യിദ് ശഫീഖ് അല്‍ ബുഖാരി, സയ്യിദ് ഖാസിം സ്വാലിഹ് അല്‍ ഐദ്രൂസി, സയ്യിദ് അഹ്‌മദുല്‍ കബീര്‍ അല്‍ ബുഖാരി, ഇബ്റാഹീം ബാഖവി മേല്‍മുറി, അബ്ദുല്‍ ജലീല്‍ സഖാഫി കടലുണ്ടി, അബൂബക്കര്‍ സഖാഫി കുട്ടശ്ശേരി, അബൂബക്കര്‍ സഖാഫി അരീക്കോട്, സിറാജുദ്ധീന്‍ അഹ്‌സനി, മുസ്ഥഫ ദാരിമി കടങ്കോട്, അബൂശാക്കിര്‍ സുലൈമാന്‍ ഫൈസി കിഴിശ്ശേരി എന്നിവര്‍ സംബന്ധിച്ചു.