ഉത്തരേന്ത്യന്‍-ദക്ഷിണേന്ത്യന്‍ അക്കാദമിക് കൂട്ടായ്മക്ക് ആഹ്വാനം ചെയ്ത് മഅ്ദിന്‍ ‘ഖോജ് സഫര്‍’; ഹൈദരാബാദ് മനൂ സന്ദര്‍ശനം നടത്തി സംഘം

Published On: August 23, 2026Tags: , , ,

ഹൈദരാബാദ്: രാജ്യത്തെ യുവാക്കളില്‍ ഖുര്‍ആനിക മൂല്യങ്ങളും ഗവേഷണ താല്പര്യവും വളര്‍ത്താന്‍ ‘ഇന്ത്യ ഹോളി ഖുര്‍ആന്‍ അവാര്‍ഡ്’ പോലെയുള്ള ദേശീയ സംരംഭങ്ങള്‍ അനിവാര്യമാണെന്ന് മൗലാന ആസാദ് നാഷണല്‍ ഉറുദു യൂണിവേഴ്സിറ്റി രജിസ്ട്രാര്‍ പ്രൊഫ. എസ്.കെ. ഇശ്തിയാഖ് അഹമ്മദ് അഭിപ്രായപ്പെട്ടു. മഅ്ദിന്‍ അക്കാദമി 30-ാം വാര്‍ഷിക ആഘോഷങ്ങളുടെയും ഇന്ത്യാ ഹോളി ഖുര്‍ആന്‍ അവാര്‍ഡിന്റെയും പ്രചാരണാര്‍ത്ഥം പര്യടനം നടത്തുന്ന ‘ഖോജ് സഫര്‍: ദി ഇന്ത്യ കണക്ട്’ ദേശീയ പ്രതിനിധി സംഘത്തിന് യൂണിവേഴ്സിറ്റി ആസ്ഥാനത്ത് നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.ദക്ഷിണേന്ത്യയിലെയും ഉത്തരേന്ത്യയിലെയും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെ കോര്‍ത്തിണക്കി ഏകീകൃതവും കാലാനുസൃതവുമായ അക്കാദമിക് മാതൃകകള്‍ രൂപീകരിക്കണമെന്ന് സംഗമത്തില്‍ ഖോജ് സഫര്‍ സംഘം ആഹ്വാനം ചെയ്തു. പര്യടനത്തിന്റെ ഭാഗമായി യൂണിവേഴ്‌സിറ്റിയിലെ അറബിക് വിഭാഗം തലവന്‍ ഡോ സഈദ് ബിന്‍ മഖാഷിനെയും , ഡോ മുഹമ്മദ് ഷാക്കിര്‍ റസായെയും സംഘം സന്ദര്‍ശിച്ച് ചര്‍ച്ചകള്‍ നടത്തി.

2018 മുതല്‍ മഅ്ദിന്‍ അക്കാദമിയില്‍ പ്രവര്‍ത്തിച്ചുവരുന്ന മനൂ ഡിസ്റ്റന്‍സ് എജ്യുക്കേഷന്‍ സെന്ററിലേക്ക് പുതുതായി ബി.എഡ് (ഡിസ്റ്റന്‍സ് മോഡ്) ഉള്‍പ്പെടെയുള്ള പുതിയ കോഴ്സുകള്‍ അനുവദിക്കുന്നതിനെക്കുറിച്ചും സംയുക്തമായി ദേശീയ സെമിനാറുകള്‍ സംഘടിപ്പിക്കുന്നതിനെക്കുറിച്ചു ചടങ്ങില്‍ വിശദമായ ചര്‍ച്ചകള്‍ നടന്നു. നിലവില്‍ യു.ജി, പി.ജി, ഡിപ്ലോമ കോഴ്സുകള്‍ ഉള്‍പ്പെടെ കേരളത്തില്‍ ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന മനൂ സെന്ററുകളിലൊന്നാണ് മഅ്ദിന്‍. രാജ്യത്തെ 165 ഡിസ്റ്റന്‍സ് സെന്ററുകളില്‍ ഏഴാം സ്ഥാനത്തുള്ള മഅ്ദിന്‍ കേന്ദ്രത്തിന് കഴിഞ്ഞ വര്‍ഷം ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികളെ പരീക്ഷക്കിരുത്തിയതിനുള്ള അപ്രീസിയേഷന്‍ അവാര്‍ഡും ലഭിച്ചിരുന്നു.

ക്യാമ്പസിലെത്തിയ പ്രതിനിധി സംഘത്തിന് മനൂ എസ്.എസ്.എഫ് യൂണിറ്റിന്റെ നേതൃത്വത്തില്‍ ഊഷ്മളമായ വരവേല്‍പ്പാണ് നല്‍കിയത്. ഖോജ് സഫര്‍ ക്യാപ്റ്റന്‍ സയ്യിദ് ഖാസിം സ്വാലിഹ് അദനി, ഇന്ത്യ ഹോളി ഖുര്‍ആന്‍ അവാര്‍ഡ് ഡയറക്ടര്‍ ജനറല്‍ അബ്ദുല്‍ ജലീല്‍ അസ്ഹരി, എസ് എസ് എഫ് ഇന്ത്യ സെക്രട്ടറിമാരായ അഫ്‌സല്‍ റാശിദ് ഖുതുബി, മുഹമ്മദ് റനീന്‍, ഹൈബി എജ്യുക്കേഷന്‍ ഡയറക്ടര്‍ യഹ് യ അദനി, ഖോജ് സഫര്‍ മീഡിയ കണ്‍വീനര്‍ അഫ്സല്‍ റഹ്മാന്‍ അദനി, കണ്‍വീനര്‍ മുഹമ്മദ് ജുനൈദ് അദനി, കോര്‍ഡിനേറ്റര്‍ ഹാഫിള് മുഹമ്മദ് നസീം അദനി, എക്‌സികൂട്ടീവ് ആശിഖ് അദനി, ജഅ്ഫര്‍ അദനി, ജുബൈര്‍ അദനി എന്നിവര്‍ സംബന്ധിച്ചു.