മഅ്ദിൻ ‘സുഹ്ബതുൽ ഹുജ്ജാജ്’ സംഗമം ശ്രദ്ധേയമായി; “കരിപ്പൂർ വിമാന നിരക്ക് വര്‍ധനവ് ഹജ്ജ് തീർത്ഥാടകർക്ക് വലിയ തിരിച്ചടിയെന്ന് “- ഖലീൽ ബുഖാരി തങ്ങൾ

സ്വലാത്ത് നഗർ: പ്രവാചകർ മുഹമ്മദ് നബി(സ്വ)യുടെ 1500-ാം ജന്മദിനാഘോഷങ്ങളുടെ ഭാഗമായി വിശുദ്ധ മക്കയും മദീനയും സന്ദർശിച്ചവരുടെ കൂട്ടായ്മയായ ‘സുഹ്ബതുൽ ഹുജ്ജാജ്’ സംഗമം മഅ്ദിൻ കാമ്പസിൽ നടന്നു.2010 മുതൽ മഅ്ദിൻ അക്കാദമിക്ക് കീഴിൽ ഹജ്ജ്,ഉംറ തീർത്ഥാടനം നിർവ്വഹിച്ച ആയിരക്കണക്കിന് ആളുകളാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി സംഗമത്തിൽ പങ്കെടുത്തത്.പ്രവർത്തകർ സംസമും കാരക്കയും നൽകി ഹാജിമാരെ സ്വീകരിച്ചു.

മഅ്ദിൻ അക്കാദമി ചെയർമാൻ സയ്യിദ് ഇബ്‌റാഹീമുൽ ഖലീൽ അൽ ബുഖാരി സംഗമം ഉദ്ഘാടനം ചെയ്തു. കരിപ്പൂർ വഴി യാത്ര ഉദ്ദേശിക്കുന്ന ഹജ്ജ് തീർത്ഥാടകരുടെ വിമാനക്കൂലി ഇതര എംബാർക്കേഷനുകളേക്കാൾ ഇരട്ടിയിലധികം വർദ്ധിപ്പിച്ച നടപടി വലിയ പ്രയാസമുണ്ടാക്കുമെന്നും കരിപ്പൂരിനെ തഴയാനുള്ള നീക്കങ്ങളെ എല്ലാവരും ഒറ്റക്കെട്ടായി എതിർക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന സാധാരണക്കാരാണ് സർക്കാർ മുഖേനയുള്ള ഹജ്ജ് തീർത്ഥാടകരിൽ ഭൂരിഭാഗവുമെന്നും,ചെറിയ തുകകൾ സ്വരൂപിച്ച് ഹജ്ജിനൊരുങ്ങുന്ന അവരുടെ സ്വപ്നങ്ങളുടെ ചിറകരിയരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.വലിയ വിമാനങ്ങൾ ഉടൻ കരിപ്പൂരിൽ സർവ്വീസ് അനുമതി നൽകി ഹാജിമാരുടെയും സാധാരണ യാത്രക്കാരുടെയും പ്രശ്നങ്ങൾക്ക് അടിയന്തര പരിഹാരം കാണണമെന്ന് അദ്ദേഹം സർക്കാറുകളോട് അഭ്യർത്ഥിച്ചു.

സയ്യിദ് മുഹമ്മദ് ഫാറൂഖ് ജമലുല്ലൈലി അധ്യക്ഷത വഹിച്ചു.സമസ്ത ജില്ലാ സെക്രട്ടറി പി.ഇബ്‌റാഹീം ബാഖവി മേൽമുറി,മഅ്ദിൻ ഹജ്ജ് ഉംറ ഡയറക്ടർ അശ്റഫ് സഖാഫി പൂപ്പലം,ദുൽഫുഖാർ അലി സഖാഫി തുടങ്ങിയവർ സംസാരിച്ചു.ചടങ്ങിൽ ‘ലബ്ബൈക്ക്’ സ്പെഷ്യൽ പതിപ്പിന്റെ പ്രകാശനം ഖലീൽ ബുഖാരി തങ്ങൾ ചെറുമുക്ക് അബ്ദുൽ ഖാദിർ ഹാജിക്ക് നൽകി നിർവ്വഹിച്ചു.മുബശ്ശിർ അദനി പെരിന്താറ്റിരി,ശബീർ അലി അദനി പോത്തന്നൂർ,അസദ് പൂക്കോട്ടൂർ,അഫ്സൽ ചട്ടിപ്പറമ്പ് എന്നിവർ മദ്ഹ് ഗാനങ്ങൾ ആലപിച്ചു.

ജനശ്രദ്ധ നേടി ഹറമൈൻ എക്സ്പോ; ഞായറാഴ്ച സമാപിക്കും:

മക്കയിലെയും മദീനയിലെയും ചരിത്ര പ്രധാനമായ സ്ഥലങ്ങളും സംഭവങ്ങളും ആസ്പദമാക്കി സ്വലാത്ത് നഗറിൽ നടക്കുന്ന ‘ഹറമൈൻ എക്സ്പോ’ കാണാൻ വലിയ ജനത്തിരക്കാണ് അനുഭവപ്പെടുന്നത്.മഅ്ദിൻ അക്കാദമിക്ക് കീഴിലെ സാദാത്ത് അക്കാദമി,സ്കൂൾ ഓഫ് എക്സലൻസ് പെരുമ്പറമ്പ് ദഅ്വാ കാമ്പസ്,എജ്യൂപാർക്ക് ദഅ്വാ കാമ്പസ്,മോഡൽ അക്കാദമി,അറബിക് വില്ലേജ് തുടങ്ങിയ സ്ഥാപനങ്ങളിലെ വിദ്യാർത്ഥികളാണ് 10 വേറിട്ട സ്റ്റാളുകൾ ഒരുക്കിയിട്ടുള്ളത്.ഞായറാഴ്ച വൈകുന്നേരം 6 വരെ പ്രവേശനം തുടരും.

ജിദ്ദ-മക്ക അതിർത്തി കവാടത്തിന്റെ മാതൃകയിലൂടെ പ്രവേശിക്കുന്ന എക്സ്പോയിൽ മക്ക മുതൽ മദീന വരെയുള്ള 45 പ്രധാന ചരിത്രകേന്ദ്രങ്ങളുടെ മിനിയേച്ചറുകൾ,സഫ-മർവ്വ,അറഫ,മിന,വിർച്വൽ റിയാലിറ്റി അനുഭവങ്ങൾ,ക്ലോക്ക് ടവർ,ഖുർആൻ ലോകം തുടങ്ങിയവ ഒരുക്കിയിട്ടുണ്ട്.

പ്രത്യേക ആകർഷണമായി ‘കാളവണ്ടി യാത്ര’ :

പഴയകാലത്ത് മലബാറിൽ നിന്നും ഹാജിമാർ തുറമുഖങ്ങളിലേക്ക് നടത്തിയ കാളവണ്ടി യാത്രയുടെ പുനരാവിഷ്കാരം എക്സ്പോയിൽ വലിയ ശ്രദ്ധനേടി.മേൽക്കൂരക്ക് പകരം തുണി തൂക്കിയിട്ട് വിദ്യാർത്ഥികൾ ഒരുക്കിയ പഴയകാല കാളവണ്ടിയുടെ മോഡൽ സന്ദർശകരെ ഭൂതകാല ഓർമ്മകളിലേക്ക് കൂട്ടിക്കൊണ്ടുപോകുന്നതായിരുന്നു.