സയ്യിദ് അഹ്മദുൽ ബുഖാരി അവാർഡ് തെന്നല അബൂഹനീഫൽ ഫൈസിക്ക്
മലപ്പുറം: അറബിഭാഷാ പ്രചാരണത്തിനും സമഗ്ര മതവിദ്യാഭ്യാസ സേവനങ്ങൾക്കുമായി മഅ്ദിൻ അക്കാദമി നൽകിവരുന്ന സയ്യിദ് അഹ്മദുൽ ബുഖാരി അവാർഡിന് സമസ്ത കേന്ദ്ര മുശാവറ അംഗവും കൊണ്ടോട്ടി ബുഖാരി ദഅ്വാ കോളേജ് പ്രിൻസിപ്പാളുമായ തെന്നല അബൂഹനീഫൽ ഫൈസി അർഹനായി. ഫെബ്രുവരി 12-ന് മഅ്ദിൻ അക്കാദമിയിൽ നടക്കുന്ന പ്രൗഢോജ്ജ്വല ചടങ്ങിൽ ആയിരങ്ങളെ സാക്ഷിയാക്കി അവാർഡ് ദാനം നിർവ്വഹിക്കും.
സമസ്ത പ്രസിഡന്റ് റഈസുൽ ഉലമ ഇ. സുലൈമാൻ മുസ്ലിയാർ, സമസ്ത ഉപാധ്യക്ഷൻ സയ്യിദ് അലി ബാഫഖി തങ്ങൾ, മഅ്ദിൻ അക്കാദമി ചെയർമാൻ സയ്യിദ് ഇബ്റാഹീമുൽ ഖലീൽ അൽ ബുഖാരി എന്നിവർ ചേർന്ന് പുരസ്കാരം സമ്മാനിക്കും.
അറബിഭാഷയുടെ പ്രചാരണ രംഗത്തും മതാധ്യാപന മേഖലയിലും അഞ്ചു പതിറ്റാണ്ടിലേറെയായി തെന്നല നിർവ്വഹിച്ചുപോരുന്ന സമാനതകളില്ലാത്ത സേവനങ്ങളെ മുൻനിർത്തിയാണ് പുരസ്കാരമെന്ന് മഅ്ദിൻ അക്കാദമി ചെയർമാൻ സയ്യിദ് ഇബ്റാഹീമുൽ ഖലീൽ അൽ ബുഖാരി വ്യക്തമാക്കി.
1992 മുതൽ സുന്നി ജംഇയ്യത്തുൽ മുഅല്ലിമീൻ ജനറൽ സെക്രട്ടറിയായും തെന്നല വെസ്റ്റ് ബസാർ മഹല്ല് പ്രസിഡന്റായും സേവനമനുഷ്ഠിക്കുന്ന അദ്ദേഹം കൊണ്ടോട്ടി ബുഖാരി ദഅ്വാ കോളേജിന്റെ അമരക്കാരനാണ്. പുളിയക്കോട്, തിരുവള്ളൂർ, മൂന്നിയൂർ, പരിയാപുരം, പാലക്കാട് ജന്നത്തുൽ ഉലൂം, താത്തൂർ ശുഹദാ മസ്ജിദ്, എടവണ്ണപ്പാറ ദാറുൽ അമാൻ തുടങ്ങിയ സ്ഥാപനങ്ങളിൽ മുദരിസായി പ്രവർത്തിച്ചിട്ടുണ്ട്. 1973-ൽ എസ്.എസ്.എഫ് രൂപീകരണ വേളയിൽ വർക്കിംഗ് കമ്മിറ്റി അംഗമായും പ്രവർത്തിച്ചിരുന്നു.
news via inbox
Nulla turp dis cursus. Integer liberos euismod pretium faucibua
