കേരള യാത്ര ഉപനായകൻ ഖലീൽ ബുഖാരി തങ്ങൾക്ക് ജന്മനാടിൻ്റെ ആദരം; അസാമാന്യ നേതൃപാടവത്തിന് ഉടമയെന്ന് മന്ത്രി പി. എ. മുഹമ്മദ് റിയാസ്

Published On: January 23, 2026Tags: ,

കടലുണ്ടി: മാഅ്ദിൻ അക്കാദമി ചെയർമാനും സമസ്ത സെക്രട്ടറിയും കേരള മുസ്ലിം ജമാഅത്ത് കേരള യാത്ര ഉപനായകനുമായ സയ്യിദ് ഇബ്‌റാഹീമുൽ ഖലീൽ അൽ ബുഖാരി തങ്ങൾക്ക് ജന്മനാടായ കടലുണ്ടിയിൽ ഉജ്ജ്വല സ്വീകരണം. കടലുണ്ടി ലെവൽ ക്രോസ്സ് പരിസരത്ത് ഒരുക്കിയ സ്വീകരണ സമ്മേളനം സംസ്ഥാന പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി പി. എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു.

കേരള മുസ്ലിം ജമാഅത്ത് സംഘടിപ്പിച്ച കേരള യാത്ര ചരിത്രതാളുകളിൽ ഇടംനേടിയ ഒന്നാണെന്നും യാത്രയ്ക്ക് നേതൃത്വം നൽകിയ ഖലീൽ ബുഖാരി തങ്ങൾ അസാമാന്യ നേതൃത്വപാടവം തെളിയിച്ച വ്യക്തിത്വമാണെന്നും മന്ത്രി പറഞ്ഞു. ആത്മീയ ചൈതന്യവും മതനിരപേക്ഷ മൂല്യങ്ങളും ഉയർത്തിപ്പിടിച്ച് പൊതുസമൂഹത്തിനായി സേവനം ചെയ്യുന്ന ഖലീൽ തങ്ങളുടെ പ്രവർത്തനങ്ങൾ മാതൃകാപരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

313 വാഹനങ്ങളുടെ അകമ്പടിയോടെയാണ് ഖലീൽ ബുഖാരി തങ്ങളെ സ്വീകരണ നഗരിയിലേക്ക് ആനയിച്ചത്. കേരള യാത്രയുടെ ഭാഗമായി 16 പ്രധാന കേന്ദ്രങ്ങളിൽ ഖലീൽ തങ്ങൾ നടത്തിയ പ്രഭാഷണങ്ങൾ പൊതുസമൂഹം വലിയ പ്രതീക്ഷയോടെയാണ് ശ്രവിച്ചതെന്ന് ചടങ്ങിൽ സംസാരിച്ചവർ അനുസ്മരിച്ചു.

സയ്യിദ് മുഹമ്മദ് തുറാബ് തങ്ങൾ അസ്സഖാഫി അധ്യക്ഷത വഹിച്ച ചടങ്ങിൽ സയ്യിദ് കെ. വി. തങ്ങൾ, സയ്യിദ് അബ്ദുള്ള ഹബീബ് റഹ്മാൻ ബുഖാരി, സയ്യിദ് ഷിഹാബുദ്ധീൻ ബുഖാരി, സയ്യിദ് മൗലൽ ബുഖാരി, ഖലമുൽ ഇസ്ലാം ബാവ മുസ്ലിയാർ, ഗഫൂർ ബാഖവി പെരുമുഖം, കടലുണ്ടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഒ. ഭക്തവത്സലൻ തുടങ്ങി പ്രമുഖ സാമൂഹിക, രാഷ്ട്രീയ, മതരംഗത്തെ നേതാക്കൾ സംബന്ധിച്ചു. കേരള മുസ്ലിം ജമാഅത്ത് ഫറോക്ക് സോൺ, എസ്. വൈ. എസ്, എസ്. എസ്. എഫ് പ്രവർത്തകരും പ്രദേശവാസികളും ചേർന്നാണ് സ്വീകരണ പരിപാടികൾ ഏകോപിപ്പിച്ചത്.