എസ്.എസ്.എഫ് ദേശീയ സാഹിത്യോത്സവ്: സർഗപ്രതിഭയായി മഅ്ദിൻ ദഅവാ കോളേജ് വിദ്യാർത്ഥി മുഹമ്മദ് അസ്ഹദ്

മലപ്പുറം: കർണാടകയിലെ ഗുൽബർഗയിൽ സമാപിച്ച എസ്.എസ്.എഫ് ദേശീയ സാഹിത്യോത്സവിൽ മിന്നുന്ന വിജയവുമായി മഅ്ദിൻ  ദഅവാ കോളേജ് വിദ്യാർത്ഥി മുഹമ്മദ് അസ്ഹദ്. കാമ്പസ് വിഭാഗത്തിൽ മത്സരിച്ച് മികച്ച പ്രകടനം പുറത്തെടുത്ത അസ്ഹദ് ദേശീയ തലത്തിലെ പരമോന്നത വ്യക്തിഗത ബഹുമതിയായ ‘സർഗപ്രതിഭ’ പട്ടം സ്വന്തമാക്കി മഅ്ദിൻ അക്കാദമിയുടെ കീർത്തി വീണ്ടും വാനോളമുയർത്തി.

ലിറ്റററി ക്രിറ്റിസിസം, അബ്‌സ്ട്രാക്ട് റൈറ്റിംഗ്, തെമാറ്റിക് പ്രസന്റേഷൻ എന്നീ മൂന്ന് ഇനങ്ങളിലും ഒന്നാം സ്ഥാനം കരസ്ഥമാക്കിയാണ് അസ്ഹദ് 28 പോയിന്റോടെ ഈ ചരിത്രനേട്ടം സ്വന്തമാക്കിയത്. കാസർഗോഡ് മൊഗ്രാൽ പുത്തൂർ സ്വദേശി പരേതനായ അബ്ദുള്ള – അസ്മ ദമ്പതികളുടെ മകനാണ്.

ദേശീയ തലത്തിൽ മഅ്ദിൻ അക്കാദമിയുടെ മികവ് തെളിയിച്ച മുഹമ്മദ് അസ്ഹദിനെ മഅ്ദിൻ അക്കാദമി ചെയർമാൻ സയ്യിദ് ഇബ്‌റാഹീമുൽ ഖലീൽ അൽ ബുഖാരി തങ്ങൾ അനുമോദിച്ചു. അക്കാദമി നൽകുന്ന സമഗ്രവും ഗുണനിലവാരമുള്ളതുമായ പരിശീലനത്തിന്റെ സാക്ഷ്യപത്രമാണ് ഈ വിജയമെന്ന് അദ്ദേഹം പറഞ്ഞു. പ്രമുഖ അധ്യാപകരും വിദ്യാർത്ഥികളും ചടങ്ങിൽ ആശംസകൾ അറിയിച്ചു.