ഗുൽബർഗയിൽ എസ്.എസ്.എഫ് ദേശീയ സാഹിത്യോത്സവ് സമാപിച്ചു; രാജ്യത്ത് സാമൂഹിക ഐക്യവും സഹവർത്തിത്വവും ശക്തമാക്കാൻ ആഹ്വാനം

ഗുല്‍ബര്‍ഗ (കര്‍ണാടക): യഥാര്‍ത്ഥ മുസ്‌ലിമിന് ഭീകരവാദിയോ അക്രമകാരിയോ ആവാന്‍ കഴിയില്ലെന്നും, രാജ്യത്തെ മുസ്‌ലിംകള്‍ എന്നും സുരക്ഷിത ഇന്ത്യയ്ക്കായി നിലകൊണ്ടവരാണെന്നും കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറിയും മഅ്ദിന്‍ അക്കാദമി ചെയർമാനുമായ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി പ്രസ്താവിച്ചു. കര്‍ണാടകയിലെ ഗുല്‍ബര്‍ഗില്‍ സംഘടിപ്പിച്ച എസ്.എസ്.എഫ് ദേശീയ സാഹിത്യോത്സവില്‍ മുഖ്യപ്രഭാഷണം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഡല്‍ഹിയിലുണ്ടായ സ്‌ഫോടനം ഏറെ ആശങ്കപ്പെടുത്തുന്നതാണെന്നും കുറ്റക്കാര്‍ക്കെതിരെ മാതൃകാപരമായ ശിക്ഷ നടപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സാമൂഹിക ഐക്യവും സഹവര്‍ത്തിത്വവുമാണ് രാജ്യത്തിന്റെ നട്ടെല്ല്. വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും പ്രചാരകരെ തിരിച്ചറിയാനും, അവരുടെ അപനിര്‍മാണങ്ങളിലൂടെ രാജ്യത്തെ ജനജീവിതം അരക്ഷിതമാകാതിരിക്കാനും പ്രബുദ്ധ സമൂഹം ജാഗ്രത പാലിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സ്‌നേഹത്തിന്റെയും സൗഹൃദത്തിന്റെയും കരുത്തുകൊണ്ട് എല്ലാ വിഭാഗീയ ശ്രമങ്ങളെയും ചെറുത്തുതോല്‍പ്പിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.

എസ്.എസ്.എഫ് ദേശീയ പ്രസിഡന്റ് സി.പി. ഉബൈദുല്ല സഖാഫി ചടങ്ങിൽ അധ്യക്ഷത വഹിച്ചു. കര്‍ണാടക സ്പീക്കര്‍ യു.ടി. ഖാദര്‍, കര്‍ണാടക മുസ്‌ലിം ജമാഅത് പ്രസിഡന്റ് ഹസ്‌റത് മുഹമ്മദ് ഫാസില്‍ റസ്വി കാവല്‍ക്കട്ടെ, കര്‍ണാടക വഖ്ഫ് ബോര്‍ഡ് ചെയര്‍മാന്‍ സയ്യിദ് മുഹമ്മദ് അലി അല്‍ഹുസൈനി, കേരള ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ ഡോ. ഹുസൈന്‍ സഖാഫി ചുള്ളിക്കോട്, എസ്.എസ്.എഫ് ദേശീയ ജനറല്‍ സെക്രട്ടറി മുഹമ്മദ് ദില്‍ശാദ് താര്‍ കാശ്മീര്‍ തുടങ്ങിയ പ്രമുഖര്‍ സംബന്ധിച്ചു.