മഅ്ദിൻ പബ്ലിക് സ്കൂൾ വിദ്യാർത്ഥികൾ കേരള മുസ്ലിം ജമാഅത്ത് സ്വദഖ ക്യാമ്പയിന്റെ ഭാഗമായി

Published On: December 12, 2025Tags: , ,

മലപ്പുറം: കേരള മുസ്ലിം ജമാഅത്തിന് കീഴില്‍ നടപ്പിലാക്കുന്ന വിവിധ ക്ഷേമ-കാരുണ്യ പദ്ധതികള്‍ക്കായുള്ള സ്വദഖ ക്യാമ്പയിനില്‍ പങ്കാളികളായി മഅ്ദിന്‍ അക്കാദമി സ്ഥാപനങ്ങള്‍. മഅ്ദിന്‍ പബ്ലിക് സ്കൂളിലെ അയ്യായിരത്തിലധികം വരുന്ന വിദ്യാര്‍ത്ഥികളാണ് ആവേശത്തോടെ ക്യാമ്പയിനിന്റെ ആദ്യഘട്ടത്തില്‍ പങ്കാളികളായത്.

നിലവില്‍ ഫിജി സന്ദര്‍ശനത്തിലുള്ള മഅ്ദിന്‍ അക്കാദമി ചെയര്‍മാനും കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ സയ്യിദ് ഇബ്റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി ഓണ്‍ലൈനായി പദ്ധതി ഉദ്ഘാടനം ചെയ്തു. ജീവകാരുണ്യ മേഖലകളില്‍ കോടിക്കണക്കിന് രൂപയുടെ സേവന പ്രവര്‍ത്തനങ്ങള്‍ക്കുള്ള സ്വദഖ ഫണ്ട് സമാഹരണം ഏറ്റെടുക്കാന്‍ എല്ലാവരും മുന്നോട്ട് വരണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.

സ്കൂളിലെ വിദ്യാര്‍ത്ഥികള്‍ക്ക് പുറമെ അധ്യാപകര്‍,ജീവനക്കാര്‍,ബസ്-ഓട്ടോ ഡ്രൈവര്‍മാര്‍ എന്നിവരും സ്വദഖ ഫണ്ടിലേക്ക് സംഭാവനകള്‍ നല്‍കി.മഅ്ദിന്‍ അക്കാദമിക്ക് കീഴിലുള്ള മുഴുവന്‍ സ്ഥാപനങ്ങളും വരും ദിവസങ്ങളില്‍ ക്യാമ്പയിനില്‍ പങ്കാളികളാകും.

മാതൃകയായി സഹോദരങ്ങള്‍

സ്വദഖ ഫണ്ടിലേക്ക് പതിനായിരം രൂപ നല്‍കി മഅ്ദിന്‍ പബ്ലിക് സ്കൂളിലെ വിദ്യാര്‍ത്ഥികളായ സഹോദരങ്ങള്‍ മാതൃകയായി.ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥി മുഹമ്മദ് അംറാസ്,അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥി മുഹമ്മദ് ഹൈസം എന്നിവരാണ് വലിയ തുക സംഭാവന ചെയ്ത് ശ്രദ്ധേയരായത്.കോഡൂര്‍ താണിക്കലിലെ ഊരാതൊടി അബ്ദുല്‍ മുത്വലിബ്-ഫര്‍ഹത്ത് ദമ്പതികളുടെ മക്കളാണ് ഇരുവരും.പ്രസ്തുത ക്യാമ്പയിന്റെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ ഏറെ സന്തോഷമുണ്ടെന്ന് ഇവര്‍ പറഞ്ഞു.

ക്ലാസടിസ്ഥാനത്തില്‍ വിദ്യാര്‍ത്ഥികള്‍ സമാഹരിച്ച തുക സ്കൂള്‍ ലീഡര്‍ സി.കെ. സിയാദില്‍ നിന്നും മാനേജര്‍ അബ്ദുറഹ്മാന്‍ ചെമ്മങ്കടവ് ഏറ്റുവാങ്ങി. ചടങ്ങില്‍ പ്രിന്‍സിപ്പാള്‍ സൈദലവികോയ, അക്കാദമിക് ഡയറക്ടര്‍ നൗഫല്‍ കോഡൂര്‍, വൈസ് പ്രിന്‍സിപ്പാള്‍ നൂറുല്‍ അമീന്‍,വാല്യൂ എജുക്കേഷന്‍ ഹെഡ് അബ്ബാസ് സഖാഫി, ജഹ്ഫര്‍ സഖാഫി പഴമള്ളൂര്‍, ഹസ്സന്‍ സഖാഫി വേങ്ങര എന്നിവര്‍ സംസാരിച്ചു.