നിലപാടുകളിലെ കാർക്കശ്യത്തെ മറികടക്കുന്ന ജനകീയൻ: വി.എസിനെ അനുസ്മരിച്ച് ഖലീൽ ബുഖാരി തങ്ങൾ

മലപ്പുറം: മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഐ എം നേതാവുമായ വി.എസ്. അച്യുതാനന്ദന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന ജനറൽ സെക്രട്ടറിയും മഅ്ദിൻ അക്കാദമി ചെയർമാനുമായ സയ്യിദ് ഇബ്‌റാഹീമുൽ ഖലീൽ അൽ ബുഖാരി തങ്ങൾ. കേരളത്തിന്റെ രാഷ്ട്രീയ സാമൂഹിക ചരിത്രത്തിൽ നിർണ്ണായകമായ ഒരു ഘട്ടമായി അടയാളപ്പെടുത്തേണ്ട മഹദ് വ്യക്തിത്വമായിരുന്നു വി.എസ് എന്ന് അദ്ദേഹം അനുസ്മരിച്ചു.

മഅ്ദിൻ പ്രതിസന്ധിയിലായപ്പോൾ താങ്ങായി എത്തിയ പ്രതിപക്ഷ നേതാവ്

മഞ്ഞളാംകുഴി അലി എം.എൽ.എയുടെ വീട്ടിലെ ചടങ്ങിൽ വെച്ചാണ് വി.എസിനെ ആദ്യമായി നേരിൽ കാണുന്നതും പരിചയപ്പെടുന്നതും. നിലപാടുകളിലെ കാർക്കശ്യത്തെ മറികടക്കുന്ന ജനകീയതയും സാമൂഹിക-പരിസ്ഥിതി വിഷയങ്ങളിലെ വേറിട്ട നിലപാടുകളുമായി സജീവമായി നിൽക്കുന്ന കാലമായിരുന്നു അത്. മഅ്ദിൻ അക്കാദമിയുടെ ആരംഭകാലത്ത് നേരിടേണ്ടിവന്ന പ്രതിസന്ധികളെക്കുറിച്ച് കേട്ടറിഞ്ഞ അദ്ദേഹം സ്ഥാപനം സന്ദർശിക്കുമെന്ന് ഉറപ്പുനൽകിയിരുന്നു. 2004-ൽ പ്രതിപക്ഷ നേതാവായിരിക്കെ പ്രത്യേക ക്ഷണങ്ങളൊന്നുമില്ലാതെ തന്നെ അദ്ദേഹം മഅ്ദിനിൽ എത്തുകയായിരുന്നു. മഅ്ദിൻ നേരിട്ട പ്രതിസന്ധികളോടുള്ള ഐക്യദാർഢ്യമായിരുന്നു ആ സന്ദർശനം. അന്ന് വലിയ സൗകര്യങ്ങളൊന്നുമില്ലാതിരുന്ന ഒറ്റമുറി ഓഫീസിലെ ലളിതമായ അന്തരീക്ഷത്തിലിരുന്ന് കാര്യങ്ങൾ കേൾക്കാൻ അദ്ദേഹം സമയം കണ്ടെത്തി. വിദ്യാഭ്യാസ സ്ഥാപനങ്ങൾ അനുവദിക്കുന്നതിലടക്കം സുന്നി സ്ഥാപനങ്ങൾ നേരിട്ട അവഗണനകൾ കൃത്യമായി പഠിച്ചാണ് അദ്ദേഹം എത്തിയത്. ആ കൂടിക്കാഴ്ച മഅ്ദിനിനെ സംബന്ധിച്ച് പല അർത്ഥത്തിലും വലിയൊരു വഴിത്തിരിവായിരുന്നു.

“വിദ്യാഭ്യാസ മേഖലയിൽ വി.എസ് തന്നെ തുടക്കം കുറിച്ച പല പരിശ്രമങ്ങളുടെയും അന്തസത്തയോട് യോചിക്കാത്ത ചില പരാമർശങ്ങൾ അദ്ദേഹത്തിൽ നിന്നുണ്ടായപ്പോൾ എന്റെ വിയോജിപ്പ് നേരിട്ടറിയിച്ചിട്ടുണ്ട്. ആ വിമർശനം സഹിഷ്ണുതയോടെ കേൾക്കാനും അദ്ദേഹം തയ്യാറായി.”

— സയ്യിദ് ഇബ്‌റാഹീമുൽ ഖലീൽ അൽ ബുഖാരി തങ്ങൾ

ന്യൂനപക്ഷ പുരോഗതിയും വിദ്യാഭ്യാസ മേഖലയിലെ ഇടപെടലുകളും

പിന്നീട് മുഖ്യമന്ത്രിയായിരിക്കെ 2008-ൽ മഅ്ദിൻ ‘ചരിത്രവീഥി’ ഡോക്യുമെന്ററി പരമ്പരയുടെ ഉദ്ഘാടനം നിർവ്വഹിച്ചതും വി.എസ് ആയിരുന്നു. ആ സമയത്ത് വിദേശത്തായിരുന്നതിനാലും ഫോണിൽ സംസാരിക്കാനും ബന്ധം കാത്തുസൂക്ഷിക്കാനും അദ്ദേഹം ശ്രദ്ധിച്ചു. പാലോളി കമ്മീഷൻ, അലീഗഢ് ക്യാമ്പസ്, പെൺകുട്ടികൾക്കുള്ള സ്‌കോളർഷിപ്പ് തുടങ്ങി ന്യൂനപക്ഷങ്ങളുടെ സാമൂഹികോന്നമനം ലക്ഷ്യമാക്കി മുഖ്യമന്ത്രിയായിരുന്ന കാലത്ത് വി.എസ് കൈക്കൊണ്ട നടപടികളേറെയും വിദ്യാഭ്യാസ മേഖല കേന്ദ്രീകരിച്ചായിരുന്നു. നിലപാടുകളിലെ കാർക്കശ്യത്തോടൊപ്പം തന്നെ വിയോജിപ്പുകളെ സഹിഷ്ണുതയോടെ ശ്രവിക്കാനും അദ്ദേഹം എന്നും മടി കാണിച്ചിരുന്നില്ലെന്ന് ഖലീൽ തങ്ങൾ കൂട്ടിച്ചേർത്തു.