34 കിലോമീറ്റർ തുടർച്ചയായി ഓടി ചുരം കയറി; മുഹമ്മദ് മുബാറക്കിനെ ആദരിച്ച് മഅദിൻ അക്കാദമി
മലപ്പുറം: നടമ്മൽപോയിൽ മുതൽ വയനാട് ചുരം വരെ തുടർച്ചയായി 34 കിലോമീറ്റർ ഓടിക്കയറി അപൂർവ്വ നേട്ടം കൈവരിച്ച ഓമശ്ശേരി സ്വദേശി മുഹമ്മദ് മുബാറക്കിന് മഅദിൻ അക്കാദമിയുടെ ഉപഹാരവും ആദരവും. നാലര മണിക്കൂർ കൊണ്ടാണ് മുബാറക് ഈ കഠിനമായ ഓട്ടം പൂർത്തിയാക്കിയത്. മഅദിൻ പബ്ലിക് സ്കൂളിൽ സംഘടിപ്പിച്ച ചടങ്ങിൽ വെച്ചാണ് അദ്ദേഹത്തെ ആദരിച്ചത്. ചടങ്ങ് മഅദിൻ അക്കാദമിക് ഡയറക്ടറും ഐ.എ.എം.ഇ (IAME) സംസ്ഥാന സെക്രട്ടറിയുമായ മുഹമ്മദ് നൗഫൽ കോഡൂർ ഉദ്ഘാടനം ചെയ്തു.
“ലഹരിയിലും മയക്കുമരുന്നുകളിലും ആനന്ദം കണ്ടെത്തുന്ന പുതിയ കാലത്ത്, ആരോഗ്യ സംരക്ഷണത്തിലും കുടുംബത്തിലും ജോലിയിലുമാണ് യഥാർത്ഥ സന്തോഷം എന്ന് സ്വന്തം ഇച്ഛാശക്തി കൊണ്ട് തെളിയിച്ച മുബാറക്കിന്റെ നേട്ടം യുവതലമുറയ്ക്ക് വലിയ പ്രചോദനമാണ്.”
— മുഹമ്മദ് നൗഫൽ കോഡൂർ
“കഠിനാധ്വാനം നമ്മെ ഉയരങ്ങളിലെത്തിക്കും”
മഅദിൻ അക്കാദമിയും ചെയർമാൻ സയ്യിദ് ഇബ്‌റാഹീമുൽ ഖലീൽ അൽ ബുഖാരി തങ്ങളും നൽകുന്ന പിന്തുണയും പ്രോത്സാഹനവും ഏറെ പ്രചോദനകരമാണെന്ന് മറുപടി പ്രസംഗത്തിൽ മുഹമ്മദ് മുബാറക്ക് പറഞ്ഞു.
“കഠിനമായ ഏത് കാര്യത്തെയും അർപ്പണബോധവും കഠിനാധ്വാനവും കൊണ്ട് നേടിയെടുക്കാൻ മനുഷ്യന് സാധിക്കും. ഇത്തരം ആദരവുകൾ കൂടുതൽ ഉയരങ്ങളിലേക്ക് ഓടിയെത്താനുള്ള കരുത്ത് നൽകുന്നു.”
— മുഹമ്മദ് മുബാറക്ക്
ചടങ്ങിൽ മഅദിൻ പബ്ലിക് സ്കൂൾ പ്രിൻസിപ്പൽ സൈതലവിക്കോയ, അബ്ബാസ് സഖാഫി കച്ചേരിപ്പറമ്പ്, മാനേജർ അബ്ദുറഹ്മാൻ ചെമ്മങ്കടവ്, അനിർ മോങ്ങം, അബ്ദുൽ ബാരി, മുഹമ്മദ് നിയാസ് തുടങ്ങിയവർ പങ്കെടുത്തു.
news via inbox
Nulla turp dis cursus. Integer liberos euismod pretium faucibua
