ഭിന്നശേഷി പുനരധിവാസത്തിന് ലോകോത്തര മാതൃക: ‘വീട്ടിലേക്ക്’ പുസ്തകം മന്ത്രി ഡോ. ആർ. ബിന്ദു പ്രകാശനം ചെയ്തു

Published On: January 24, 2026Tags: , ,

തിരുവനന്തപുരം: ഭിന്നശേഷിക്കാരുടെ ശാസ്ത്രീയ പുനരധിവാസത്തിനും സ്വയംപര്യാപ്തതയ്ക്കും വഴികാട്ടിയാകുന്ന ‘വീട്ടിലേക്ക്’ എന്ന പുസ്തകം ഉന്നത വിദ്യാഭ്യാസ, സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു പ്രകാശനം ചെയ്തു. യൂണിവേഴ്‌സിറ്റി കോളേജ് ഇംഗ്ലീഷ് അസിസ്റ്റന്റ് പ്രൊഫസറും സാമൂഹ്യനീതി വകുപ്പിന്റെ പ്രത്യേക ആദരത്തിന് അർഹയുമായ ഡോ. വി. ശാരദാ ദേവി പുസ്തകം ഏറ്റുവാങ്ങി.

തിരുവനന്തപുരത്ത് സാമൂഹ്യനീതി വകുപ്പ് സംഘടിപ്പിച്ച ‘സവിശേഷ: കാർണിവൽ ഓഫ് ദി ഡിഫറന്റ്’ (Savisesha: Carnival of the Different) ഭിന്നശേഷി സർഗ്ഗോത്സവ വേദിയിലാണ് പുസ്തക പ്രകാശനം നടന്നത്. കാനഡയിലെ ഭിന്നശേഷി പുനരധിവാസ രംഗത്തെ വിദഗ്ധയായ ജെൻ പോളി രചിച്ച ‘മേക്കിംഗ് എ ഹോം: എ ലിവിങ് ഇൻ ദി കമ്മ്യൂണിറ്റി ഫോർ യങ് ഡിസേബിൾഡ്’ (Making a Home: A Living in the Community for Young Disabled) എന്ന ലോകപ്രശസ്ത ഗ്രന്ഥത്തിന്റെ മലയാള വിവർത്തനമാണിത്. കാനഡയിലെ നോവ സ്‌കോഷ്യ സർക്കാരിൽ ഡിസബിലിറ്റി പോളിസി സ്‌പെഷ്യലിസ്റ്റായി സേവനമനുഷ്ഠിക്കുന്ന മുഹമ്മദ് ഹസ്രത്താണ് വിവർത്തനം നിർവ്വഹിച്ചിരിക്കുന്നത്.

മുതിർന്ന ഭിന്നശേഷിക്കാർക്ക് എങ്ങനെ സ്വയംപര്യാപ്തതയോടെ സമൂഹത്തിന്റെ ഭാഗമായി ജീവിക്കാൻ കഴിയും എന്ന സങ്കീർണ്ണമായ വിഷയത്തിന് പ്രായോഗിക പരിഹാരങ്ങൾ നിർദ്ദേശിക്കുന്നതാണ് ഈ കൃതി. ഭിന്നശേഷി സൗഹൃദ കേരളം കെട്ടിപ്പടുക്കുന്നതിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കും നിയമസഭാംഗങ്ങൾക്കും സന്നദ്ധ സംഘടനകൾക്കും പഠിതാക്കൾക്കും മാതൃകയാക്കാവുന്ന നിർദ്ദേശങ്ങളാണ് പുസ്തകത്തിലുള്ളത്.

ഉറവ പബ്ലിക്കേഷൻസ്, മാഅ്ദിൻ ഏബിൾ വേൾഡ് (Ma’din Able World), റയാൻ ഫൗണ്ടേഷൻ എന്നിവയുടെ സഹകരണത്തോടെ പുറത്തിറക്കിയ ഈ കൃതി മാഅ്ദിൻ അക്കാദമിയുടെ ഭിന്നശേഷി പുനരധിവാസ മുന്നേറ്റങ്ങളിലെ സുപ്രധാനമായ മറ്റൊരു ചുവടുവെപ്പുകൂടിയാണ്.

ചടങ്ങിൽ സാമൂഹിക നീതി വകുപ്പ് സ്പെഷ്യൽ സെക്രട്ടറി ഡോ. അദീല അബ്ദുള്ള ഐ.എ.എസ്, ഭിന്നശേഷി ക്ഷേമ കോർപറേഷൻ ചെയർപേഴ്സൺ അഡ്വ. ജയഡാളി എം.വി, ഡോ. മിദുൻ പ്രേംരാജ് ഐ.എ.എസ്, തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി. പ്രിയദർശിനി, കെ. ആൽബർട്ട് അൻസലൻ എം.എൽ.എ, സംസ്ഥാന ഭിന്നശേഷി കമ്മീഷണർ ഡോ. പി.ടി ബാബുരാജ്, ഓട്ടിസം ക്ലബ് സെക്രട്ടറി ശിവദാസ് എ. കെ, മാഅ്ദിൻ ഏബിൾ വേൾഡ് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ അനീർ മോങ്ങം തുടങ്ങിയ പ്രമുഖർ സംബന്ധിച്ചു.

പുസ്തകത്തിന്റെ കോപ്പികൾക്ക് ബന്ധപ്പെടുക: 📞 +91 7356114436 (ഇന്ത്യ) | +1 9027199790 (കാനഡ)