ഖലീലുല്‍ ബുഖാരി തങ്ങളുടെ 14 അറബി ഗ്രന്ഥങ്ങള്‍ മലായ് ഭാഷയിലേക്ക്

കോലാലംപൂര്‍: പ്രമുഖ ഇസ്ലാമിക പണ്ഡിതനും മഅ്ദിന്‍ അക്കാദമി ചെയര്‍മാനുമായ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍-ബുഖാരി തങ്ങളുടെ പതിനാല് അറബി ഗ്രന്ഥങ്ങള്‍ മലായ് ഭാഷയിലേക്ക് വിവര്‍ത്തനം ചെയ്ത് പ്രസിദ്ധീകരിക്കാന്‍ മലേഷ്യന്‍ മതകാര്യ വകുപ്പ് (JAKIM) തീരുമാനിച്ചു. ഇതിന്റെ ആദ്യഘട്ടമായി ‘ജൗല ദിറാസിയ്യ ഹൗലല്‍ ഇസ്ലാം ഫിദ്ദിയാരില്‍ മലൈബാരിയ്യ’ (മലബാറിലെ ഇസ്ലാമിക ചലനങ്ങള്‍) എന്ന ഗ്രന്ഥത്തിന്റെ മലായ് പരിഭാഷ മലേഷ്യന്‍ മതകാര്യ വകുപ്പ് മന്ത്രി ഡോ. ദുല്‍കിഫ്ല്‍ ഹസന്‍ പ്രകാശനം ചെയ്തു.
സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍-ബുഖാരി തങ്ങളുടെ ഗ്രന്ഥങ്ങള്‍ ഇസ്ലാമിന്റെ മിതത്വവും വിജ്ഞാനവും രാജ്യസ്നേഹവും മാനവിക മൂല്യങ്ങളും പ്രചരിപ്പിക്കുന്ന വിലപ്പെട്ട രചനകളാണെന്നും
മലബാറിലെ ഇസ്ലാമിക ചലനങ്ങള്‍’ എന്ന ഗ്രന്ഥത്തിന്റെ മലായ് പരിഭാഷ മലേഷ്യന്‍ വായനക്കാര്‍ക്ക് കേരളത്തിന്റെ സമ്പന്നമായ ഇസ്ലാമിക പാരമ്പര്യത്തെയും പണ്ഡിതസംഭാവനകളെയും അടുത്തറിയാന്‍ സഹായിക്കുമെന്നും മന്ത്രി പറഞ്ഞു.

ഇതിന്റെ തുടര്‍ച്ചയായി ഖലീലുല്‍ ബുഖാരി തങ്ങളുടെ മറ്റ് അറബി ഗ്രന്ഥങ്ങളും മലായ് ഭാഷയിലേക്ക് വിവര്‍ത്തനം ചെയ്ത് പ്രസിദ്ധീകരിക്കുന്നതിന് മതകാര്യ വകുപ്പ് മുന്‍കൈയെടുക്കും.

മലേഷ്യാ മതകാര്യ വകുപ്പ് യാദിം ബോര്‍ഡ് ഓഫ് ട്രസ്റ്റീസ് അംഗവും
ഉലമാ ആന്‍ഡ് സ്‌കോളേഴ്‌സ് കൗണ്‍സില്‍ ചെയര്‍മാനുമായ ഡോ. ബഷീര്‍ മുഹമ്മദ് അല്‍ അസ്ഹരിയാണ് മലായ് ഭാഷയിലേക്ക് വിവര്‍ത്തനം ചെയ്തത്.
മലേഷ്യന്‍ മതകാര്യ വകുപ്പ് ഡയറക്ടറല്‍ ജനറല്‍ ഡോ. സിറാജുദ്ദീന്‍ ബിന്‍ സുഹൈമിയുടെ ആമുഖത്തോടെയാണ് പുസ്തകം പ്രസിദ്ധീകരിച്ചിട്ടുള്ളത്.

മലേഷ്യന്‍ മതകാര്യ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സെലംഗൂര്‍ ഇസ്ലാമിക യൂണിവേഴ്‌സിറ്റിയില്‍ നടന്ന ചടങ്ങില്‍ പ്രമുഖ പണ്ഡിതന്മാരും സര്‍വകലാശാലാ അധ്യാപകരും സാമൂഹിക-മതനേതാക്കളും പങ്കെടുത്തു.

കേരളത്തിലെ ഇസ്ലാമിന്റെ ചരിത്രവികാസം, പണ്ഡിത പാരമ്പര്യം, വിദ്യാഭ്യാസ-ദഅ്വാ പ്രവര്‍ത്തനങ്ങള്‍, സാമൂഹിക നവോത്ഥാനത്തില്‍ മുസ്ലിം സമൂഹം നല്‍കിയ സംഭാവനകള്‍, രാജ്യ സംരക്ഷണത്തിന് മുസ്ലിംകള്‍ നല്‍കുന്ന പ്രധാന്യം എന്നിവയെ ആധികാരികമായി അവതരിപ്പിക്കുന്ന ഗ്രന്ഥമാണ് മലബാറിലെ ഇസ്ലാമിക ചലനങ്ങള്‍ എന്ന ഗ്രന്ഥം.

മലായ് ഭാഷയിലേക്കുള്ള വിവര്‍ത്തനം കേരളവും മലേഷ്യയും തമ്മിലുള്ള വൈജ്ഞാനിക-സാംസ്‌കാരിക ബന്ധം കൂടുതല്‍ ശക്തിപ്പെടുത്തും.

ഇസ്ലാമിക പഠനം, ഖുര്‍ആനും അമാനുഷികതയും, ഹദീസ്, ദഅ്വ, ചരിത്രം, ആത്മീയത തുടങ്ങി വിവിധ മേഖലകളെ ആസ്പദമാക്കിയുള്ള ഖലീലുല്‍ ബുഖാരി തങ്ങളുടെ അറബി ഗ്രന്ഥങ്ങള്‍ മലായ് ഭാഷയില്‍ പ്രസിദ്ധീകരിക്കുന്നത് മലേഷ്യയിലെ വിദ്യാര്‍ത്ഥികള്‍ക്കും ഗവേഷകര്‍ക്കും പൊതുവായ വായനക്കാര്‍ക്കും ഏറെ പ്രയോജനകരമാകുമെന്ന് ചടങ്ങില്‍ വിലയിരുത്തി.

പ്രകാശന ചടങ്ങില്‍ യൂണിവേഴ്സിറ്റി വൈസ് ചാന്‍സലര്‍ ഡോ. മുഹമ്മദ് ഫരീദ് റാവി അബ്ദുല്ല,യാദിം വൈസ് പ്രസിഡന്റ് ഡോ. ഹാദി അന്‍വര്‍ ബ്ന്‍ അസ്മിന്‍, ഡോ. മുസ്തഫ അബൂ സുലൈമാന്‍, ഡോ. ബഷീര്‍ മുഹമ്മദ് അല്‍ അസ്ഹരി എന്നിവര്‍ പ്രസംഗിച്ചു.

Leave A Comment